'കുച്ച് കുച്ച് ഹോതാ ഹേ' വീണ്ടും; രണ്‍വീര്‍, ആലിയ, ജാന്‍വി എന്നിവര്‍ മതിയെന്ന് കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത തൊണ്ണൂറുകളിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു “കുച്ച് കുച്ച് ഹോതാ ഹേ”. 1998ല്‍ റിലീസായ ചിത്രം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിലുണ്ട്. രാഹുല്‍, ടിന, അഞ്ജലി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ത്രികോണ പ്രണയ കഥയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തില്‍ രാഹുല്‍ ആയി ഷാരൂഖ് ഖാനും, ടിന ആയി റാണി മുഖര്‍ജിയും, അഞ്ജലിയായി കജോളുമാണ് എത്തിയത്. ചിത്രത്തില്‍ സല്‍മാന്‍ ഖാനും മറ്റൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം വീണ്ടും ഒരുക്കണമെന്ന ആഗ്രഹത്തിലാണ് കരണ്‍ ജോഹര്‍. കുച്ച് കുച്ച് ഹോതാ ഹേ വീണ്ടും ഒരുങ്ങുമ്പോള്‍, പ്രധാന വേഷത്തിലെത്തേണ്ട താരങ്ങളെയും കരണ്‍ തീരുമാനിച്ചു കഴിഞ്ഞു.

രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ജാന്‍വി കപൂര്‍ എന്നിവരാണ് തന്റെ മനസിലുള്ളതെന്നാണ് കരണ്‍ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് വെളിപ്പെടുത്തിയത്. രാഹുലായി രണ്‍വീറിനേയും, അഞ്ജലിയായി ആലിയയേയും, ടിനയായി ജാന്‍വിയേയുമാണ് താന്‍ മനസില്‍ കാണുന്നതെന്നാണ് കരണ്‍ വ്യക്തമാക്കിയത്. എന്നാല്‍ ചിത്രം പെട്ടെന്ന് എത്തില്ല, ആരാധകര്‍ കാത്തിരിക്കേണ്ടി വരും.