ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

പല സാഹചര്യങ്ങളിലും തന്റെ നിലപാട് തുറന്നുപറയാറുള്ള വ്യക്തിയാണ് ടൊവിനോ തോമസ്. അതുകൊണ്ട് തന്നെ പലപ്പോഴും സൈബർ ആക്രമണം വരെ താരം നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റി സംസാരിക്കുകയാണ് ടൊവിനോ. താനൊരു നിക്ഷ്പക്ഷനായ വ്യക്തിയാണെന്നും തന്റെ ഇടത് ആശയങ്ങളോടുള്ള താത്പര്യം അതിൽ നിക്ഷ്പക്ഷതയുടെ ഒരു ഘടകം ഉള്ളതുകൊണ്ടാണെന്നും ടൊവിനോ പറയുന്നു.

“വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചില അഭിപ്രായങ്ങൾ പറയുമ്പോൾ, പറയുന്ന അഭിപ്രായത്തെ കുറിച്ചല്ല ഞാൻ ഏത് പക്ഷത്താണ് എന്നാണ് കൂടുതലാളുകളും ചിന്തിക്കുന്നത്. പക്ഷേ ഞാൻ അങ്ങനെയല്ല. അങ്ങനെ പ്രതികരിച്ച പല സന്ദർഭങ്ങളും പരിശോധിച്ചാല്‍ അറിയാൻ കഴിയും, ഞാൻ കൊങ്ങിയാണ് എന്നും കമ്മിയാണ് എന്നും സംഘിയാണ് എന്നും പറഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

ഒരു സീസണിലാണ് ഇങ്ങനെ വിശ്വസിക്കുന്നത്. എനിക്ക് പറയാനുള്ളത് പറയുന്ന സമയത്ത് ആ സംഭവത്തിൽ ഏത് പക്ഷക്കാരാണോ അതേ അഭിപ്രായം പറയുന്നത് ആ പക്ഷക്കാരനാണ് ഞാൻ എന്ന് വിശ്വസിക്കുകയാണ്. എന്നാല്‍ ഞാൻ നിക്ഷ്പക്ഷനായ ഒരു വ്യക്തിയാണ്. ഇടത് ആശയങ്ങളോടുള്ള താത്പര്യം അതിൽ നിക്ഷ്പക്ഷതയുടെ ഒരു ഘടകം ഉള്ളതുകൊണ്ടാണ്” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞത്.

അതേസമയം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. ഭാവനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ  ലഭിക്കുന്ന സൂചന.

‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read more