ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീസണ്‍ 5 മത്സരാര്‍ത്ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് ബിഗ് ബോസ്. സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ച നെറികേടിനെ കുറിച്ച് പറയാതിരിക്കാനാവില്ല. ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയാണ് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ ലൈവില്‍ എത്തി പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ ചര്‍ച്ചയാവുകയാണ്.

അഖില്‍ മാരാരിന്റെ വാക്കുകള്‍:

ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകള്‍ കൃത്യമായി അറിയാവുന്ന ആളാണ് ഞാന്‍. അതിന് അര്‍ത്ഥം അത് വച്ചിട്ട് റോബിന്‍ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാന്‍ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാന്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാല്‍ എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ.

റോബിന്‍ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തില്‍ പ്രതികരിച്ചത് പോലെയല്ല ഞാന്‍ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ. ബിഗ് ബോസ് സീസണ്‍ 6ന്റെ 50-ാം ദിവസത്തെ തുടര്‍ന്ന് ഷോയ്ക്ക് ആശംസ അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങള്‍ അറിയാന്‍ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാന്‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലര്‍ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാന്‍ എനിക്ക് ആവില്ല.

ഇവന്‍മാര്‍ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് ഞാന്‍ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നില്‍. ചാനലിന്റെ ആള്‍ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓര്‍ത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. ഞാന്‍ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരന്‍ ആ ഷോയില്‍ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല. അഞ്ച് വര്‍ഷമായി ഈ ഷോയുടെ ഡയറക്ടര്‍ ആയിരുന്ന അര്‍ജുന്‍ എന്നയാള്‍ ഇറങ്ങിപ്പോയെന്ന യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ്. ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയിരുന്ന റുബീന എന്ന സ്ത്രീയെ ഈ സീസണില്‍ നിന്നും മാറ്റി നിര്‍ത്തി.

പല സ്ത്രീ മത്സരാര്‍ഥികളെയും ഉയര്‍ന്ന പ്രതിഫലം നല്‍കിയാണ് ഇവര്‍ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഒപ്പം ഇവരില്‍ നിന്നു ഇതിന് പ്രതിഫലമായി ഒരു ഷെയര്‍ ഇവര്‍ വാങ്ങുകയും ചെയ്യും. ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി തുക പ്രതിഫലം ലഭിച്ചവരും ഉണ്ടായിരുന്നു. ഇത്തരം മത്സരാര്‍ഥികളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതടക്കം ബിഗ് ബോസില്‍ നടക്കുന്നുണ്ട്. പുറത്തു പറയുന്നവരെ കോണ്‍ട്രാക്ട് കാട്ടി ഭീഷണിപ്പെടുത്തും. ഇതെല്ലാം പൊതുജനം അറിയണമെന്നുള്ളത് കൊണ്ടാണ് ഞാന്‍ ഇത് പറയുന്നതെന്നും എന്ത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്.

ഇവന്‍മാരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള മത്സരാര്‍ത്ഥികള്‍ ജയിച്ചുവരാന്‍ വേണ്ടി ഇവര്‍ കാണിക്കുന്ന ഈ നെറികേടുകള്‍ ആരെങ്കിലുമൊക്കെ വിളിച്ചു പറയേണ്ടേ? റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും.

സെലക്ഷന്‍ പാനലില്‍ നിന്നും ആരെങ്കിലും സെലക്ട് ആയിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഒരു ചൂണ്ടയുമായിട്ട് ഇവര്‍ ഇറങ്ങും. തങ്ങള്‍ സെലക്ട് ആയിട്ടുണ്ടെന്ന് ഈ മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ലല്ലോ. നിങ്ങളെ ഞങ്ങളാണ് സെലക്ട് ചെയ്തത്, ഞങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് സീസണില്‍ എത്താം എന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് പല ആള്‍ക്കാരെയും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, നോര്‍മലി എത്തുന്നുവരുമുണ്ട്. ചാനലിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരാള്‍ എന്നെ എടുക്കണ്ടാ എന്ന് പറഞ്ഞിരുന്നു. ഞാന്‍ ഈ സീസണില്‍ ഉണ്ടാവണം എന്നുള്ള മറ്റുള്ളവരുടെ ആഗ്രഹത്തെയും അയാള്‍ക്ക് മുകളിലുള്ള ആളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഞാന്‍ എത്തുന്നത്. എന്നെ ഒരു വില്ലനാക്കി ചിത്രീകരിക്കാം എന്നാണ് അയാള്‍ വിചാരിച്ചത്.

ബിഗ് ബോസില്‍ വന്ന് പോയിട്ടുള്ള ഒരു സ്ത്രീകളെയും ആക്ഷേപിച്ചോ അധിക്ഷേപിച്ചോ സംസാരിച്ചതല്ല. അവരുടെ തന്നെ വായില്‍ നിന്നും, അവരുടെ സുഹൃത്തുക്കള്‍ എന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളും ചില വോയിസുകളും എന്നെ കേള്‍പ്പിച്ചതു കൊണ്ടുമാണ് പറഞ്ഞത്. സീസണില്‍ സെലക്ട് ആകാതെ പോയവരോട് ഞങ്ങളുടെ ഒപ്പം വന്നാല്‍ സെലക്ട് ആക്കാം, ചാനലില്‍ അവസരം വാങ്ങി തരാം എന്ന് പറഞ്ഞ് ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. അത് സത്യമാണ്. ഇങ്ങനെ പോയിട്ടുള്ളവര്‍ തള്ളിപ്പറഞ്ഞാലും ഇത് നൂറ് ശതമാനം സത്യമാണ്. ഇങ്ങനെ പോയ ഹോട്ടലുകള്‍ ഉള്‍പ്പെടെ എനിക്ക് അറിയാവുന്ന കാര്യമാണ്. എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. എവിടൊക്കെ കൊണ്ടുപോയിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Akhil marar (@akhilmarar1)

Read more