ബോക്‌സ് ഓഫീസ് ഭരിക്കാന്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' ഇറങ്ങുന്നു; ഈ മാസം റിലീസെന്ന് റിപ്പോര്‍ട്ടുകള്‍; അച്ഛന്റെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാന്‍ ദുല്‍ഖര്‍

സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആവേശം കൊണ്ടിരിക്കുകയാണ്.

നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്.

സെപ്റ്റംബർ 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലടക്കം അപ്ഡേറ്റ് വന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 7ന് ടീസർ പുറത്തു വരുമെന്നും റിപ്പോർട്ടുകളുണ്ട്.

അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നവർ. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.