'ഡില്ലി ഇന്‍ മള്‍ട്ടിവേഴ്‌സ്', കൈതിയെ കൊന്ന് കൊലവിളിച്ച റീമേക്ക്; ഒ.ടി.ടിയില്‍ എത്തിയ 'ഭോല'യ്ക്ക് ട്രോള്‍ പൂരം

കാര്‍ത്തിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കൈതി’. ലോകേഷ് കനകരാജ്- ൊൊൊൊൊൊൊകാര്‍ത്തി കോമ്പോയില്‍ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.

മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം സംവിധാനം ചെയ്തതും താരം തന്നെയാണ്. ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൈതി സിനിമയെ കൊന്നു കൊലവിളിച്ചു എന്നാണ് ട്രോളന്മാര്‍ ഒന്നടങ്കം പറയുന്നത്.

തബു, അമല പോള്‍, സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ദീപക് ദോബ്രിയാല്‍, വിനീത് കുമാര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അഥിതി വേഷത്തിലെത്തിയിരുന്നു. നരേയ്ന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ കഥാപാത്രത്തിലാണ് തബു അഭിനയിച്ചത്.

തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തില്‍ നായകന്റെ ഫ്ളാഷ്ബാക്ക്, പ്രണയം, പാട്ടുകള്‍ എന്നിവയുമുണ്ട്. ബൈക്ക് ഫൈറ്റ്, ട്രാക്ടര്‍ ഫൈറ്റ്, ഫയര്‍ ഫൈറ്റ്, ത്രിശൂലം ഫൈറ്റ് എന്നിങ്ങനെ പലവക ഐറ്റങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

നായകനെ കണ്ട് പേടിച്ചോടാന്‍ ഒരു പുള്ളിപ്പുലിയും വരുന്നുണ്ട്. കൂടാതെ നായകനും വില്ലന്മാരും തമ്മിലുള്ള ഫൈറ്റും ട്രോളുകളില്‍ ഇടം നേടുന്നുണ്ട്. വിഎഫ്എക്‌സ് കാര്‍ട്ടൂണ്‍ ലെവലായി എന്ന വിമര്‍ശനവുമുണ്ട്.