പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറി 'കാമുകന്‍'; പ്രണയമീനുകളുടെ കടലിലെ ഗാനം തരംഗമാകുന്നു

കമലസുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കടലിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു. ചിത്രത്തിലെ “കാമുകന്‍” ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. ഏറ്റവും ഒടുവില്‍ 1988ല്‍ “ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്” എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനാണ് നായകന്‍. ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍.