ബിലാലില്‍ വില്ലനായി എത്തുന്നത് ജോണ്‍ എബ്രഹാം? വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടൂകെട്ടിലൊരുങ്ങുന്ന “ബിലാല്‍”. 2007-ല്‍ പുറത്തിറങ്ങിയ “ബിഗ് ബി”യുടെ രണ്ടാം ഭാഗമാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നത്. ബിലാലില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പ്രചരിച്ചത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയെ കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ബിലാലിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു വ്യക്തി എഴുതിയ കുറിപ്പാണ് വ്യാജ വാര്‍ത്തകള്‍ക്ക് ആധാരം.

ബിലാലിന്റെ കഥ ഗംഭീരമാണെന്നും ജോണ്‍ എബ്രഹാം വില്ലനാകുന്നു എന്നും ഇയാള്‍ കുറിപ്പില്‍ പറയുന്നു. തന്നെ ബിലാല്‍ ടീമിന്റെ ഭാഗമാക്കിയവരോട് നന്ദിയും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംവിധായകന്‍ അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. രണ്ടു വര്‍ഷം മുമ്പാണ് രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26-ന് ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് കാരണം മാറ്റി വെയ്ക്കുകയായിരുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ രചന. ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.