‘മാധവിക്കുട്ടിയുടെ വരികള്‍ മാറ്റിയെഴുതി, അബദ്ധം പറ്റിയിട്ടും വീണിടത്തു കിടന്ന് ഉരുളുന്നു’; ജുവല്‍ മേരിക്ക് വിമര്‍ശനം, മറുപടി

അവതാരകയും നടിയുമായ ജുവല്‍ മേരിയുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ ചിത്രം പങ്കുവച്ച് ജുവല്‍ നല്‍കിയ ക്യാപ്ഷന് പിന്നാലെയാണ് വിമര്‍ശകര്‍ക്ക് എത്തിയത്. ”നംബ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപ്പെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും-മാധവിക്കുട്ടി” എന്നാണ് ജുവല്‍ കുറിച്ചത്.

‘നന്ത്യാര്‍വട്ടപ്പൂവ്’ എന്നാണ് മാധവിക്കുട്ടി പറഞ്ഞത് എന്ന് തിരുത്തി കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് നേരെ എത്തിയത്. പിന്നാലെ ‘നമ്പാര്‍വട്ടപ്പൂവ്’ എന്നെഴുതിയ പോസ്റ്റ് പങ്കുവച്ചും ജുവല്‍ രംഗത്തെത്തി. ”ഇനി പറയു യഥാര്‍ത്ഥ കൃതിയില്‍ എന്താണ്? അറിയാന്‍ ഒരു കൗതുകം! മാധവി കുട്ടിയമ്മയുടെ എഴുത്തല്ലെ! അമ്മ എന്തായിരുന്നു വിളിച്ചിരുന്നത് എന്ന് നോക്കാം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

മാധവിക്കുട്ടിയുടെ വരികളെ തോന്നുന്ന രീതിയില്‍ മാറ്റിയെഴുതുന്നത് ശരിയായ രീതിയല്ല എന്നാണ് വിമര്‍ശനം. അബദ്ധം പറ്റിയിട്ടും വീണിടത്ത്കിടന്നു ഉരുളുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതോടെ ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല എന്ന് പറഞ്ഞ് ജുവല്‍ രംഗത്തെത്തി.

”എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നിങ്ങളുടെ കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി ആ പൂവിനെ പല നാട്ടില്‍ പല പേരാണ് ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട് ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല! എല്ലാവര്‍ക്കും ശുഭദിനം നേരുന്നു” എന്നാണ് നടി കുറിച്ചത്.

.