കുഞ്ചാക്കോ ബോബനും മഞ്ജു വാര്യർക്കും ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം

പതിനാലാമത് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനായും മഞ്ജു വാര്യർ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

‘ന്നാ താൻ കേസ് കൊട്’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് കുഞ്ചാക്കോ ബോബനെ പുരസ്കാരത്തിന് അർഹന്നാക്കിയത്. ആയിഷ, വെള്ളരിപട്ടണം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് മഞ്ജു വാര്യർക്ക് പുരസ്കാരം ലഭിച്ചത്.

അറിയിപ്പ് എന്ന സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ. രതീഷ് ബാലകൃഷണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. അനിൽ ദേവ് സംവിധാനം ചെയ്ത ‘ഉറ്റവർ’ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ ചിത്രം.

മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രകാരൻ ജെ സി ഡാനിയേലിന്റെ സംഭാവനകളെ സ്മരിക്കുന്നതിനാണ് കേരള സർക്കാർ ഈ അവാർഡ് ഏർപ്പെടുത്തിയത്. 1992 മുതൽ പുരസ്കാരം നൽകി വരുന്നു.