അമ്മയാകാന്‍ പോകുന്നു, നിനക്കായ് കാത്തിരിക്കാന്‍ വയ്യ; സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇല്യാന

അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് നടി ഇല്യാന ഡിക്രൂസ്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇല്യാന പങ്കുവെച്ചിട്ടില്ല. ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍.

ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. എന്നാല്‍ അഭ്യൂഹങ്ങളോട് ഇല്യാന പ്രതികരിച്ചിരുന്നില്ല. നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ തുറന്നു പറഞ്ഞിരുന്നു.