ആകാംക്ഷ, ഭീതി, സസ്‌പെന്‍സ്; ത്രില്ലര്‍ മോഡില്‍ ഹെലന്‍; ട്രെയിലര്‍

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം “ഹെലന്റെ” ട്രെയ്ലര്‍ എത്തി. ആകാംക്ഷയും ഭീതിയും ജനിപ്പിക്കുന്ന ട്രെയിലര്‍ നല്‍കുന്ന സൂചന ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ഹെലന്‍ എന്നാണ് . നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്.

ഈ ബാനറില്‍ വിനീത് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഹെലന്‍”. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തെത്തിയ “ആനന്ദ”മാണ് ആദ്യത്തെ ചിത്രം.

ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം വെള്ളിയാഴ്ച്ച ആരംഭിക്കും.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.