'തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്തത്വം'; അമ്മയ്ക്ക് എതിരെ പേരടിയും ഷമ്മിയും

താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന്മാരായ ഹരീഷ് പേരടിയും ഷമ്മി തിലകനും. ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു താരസംഘടനയായ ‘അമ്മ’യിൽ തുടരുന്നതുമായി ബന്ധപ്പെട്ട എതിർപ്പാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സാരാംശം.

സംഘടനയുടെ അച്ചടക്ക സമിതിയെ കോമഡിയെന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്..

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മാനിഷാദാ എന്ന ശ്ലോകം തലക്കെട്ടാക്കി ഷമ്മി തിലകൻ പങ്കുവെച്ചിരിക്കുന്നത്.

വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് താരസംഘടനയിൽ നിന്ന് ഹരീഷ് പേരടി കഴിഞ്ഞമാസം രാജിവച്ചിരുന്നു. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന സംഘടനയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് ഹരീഷ് പേരടി പ്രഖ്യാപിക്കുകയായിരുന്നു.