എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍; ആഹ്ളാദം പങ്കുവെച്ച് പൃഥ്വി

എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്ന ക്യാപ്ഷനില്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലാകുന്നു. അമ്മയെയും മോഹന്‍ലാലിനെയും സംവിധാനം ചെയ്യാന്‍ കഴിഞ്ഞ ആഹ്ലാദം പൃഥ്വിരാജ് പങ്കുവച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയില്‍ പ്രധാന റോളില്‍ മല്ലികാ സുകുമാരനും എത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിമുഖമായി ചാരുകസേരയില്‍ മല്ലിക സുകുമാരന്‍ ഇരിക്കുന്ന ചിത്രം മോണിറ്ററില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ടെടുത്ത് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

എന്‍. ശ്രീജിത്തും ബിബിന്‍ മാളിയേക്കലും തിരക്കഥയെഴുതുന്ന ബ്രോഡാഡി ഫണ്‍ എന്റര്‍ടെയിനറാണ്. മധ്യകേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ജഗദീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.