തിയേറ്ററുകള്‍ ഇന്നു തുറക്കും, പ്രദര്‍ശനം ബുധനാഴ്ച്ച മുതല്‍

കോവിഡ് സാഹചര്യത്തില്‍ അടച്ച സിനിമ തിയേറ്ററുകള്‍ ഇന്നും വീണ്ടും തുറക്കുകയാണ്. പ്രൊജക്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നു വിലയിരുത്തി ബുധനാഴ്ചയോടെ മാത്രമേ പലയിടത്തും ആദ്യ പ്രദര്‍ശനം ആരംഭിക്കൂ. വെള്ളിയാഴ്ച മുതല്‍ എല്ലായിടത്തും സാധാരണ പോലെ ഷോ തുടങ്ങും.

ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ‘, ‘വെനം 2’, ജോജു ജോര്‍ജ് ചിത്രം ‘ സ്റ്റാര്‍’, അപ്പാനി ശരത് നായകനാകുന്ന ‘മിഷന്‍ സി’, തമിഴ് ചിത്രം ‘ഡോക്ടര്‍’ (ശിവകാര്‍ത്തികേയന്‍), എന്നിവയാണ് ആദ്യ റിലീസുകള്‍.

രജനീകാന്ത് ചിത്രം അടക്കം തമിഴ്- ഹിന്ദി ദീപാവലി റിലീസുകള്‍ അടുത്തയാഴ്ച എത്തും. നവംബര്‍ മധ്യത്തോടെ ‘കുറുപ്പ്’ ( ദുല്‍ഖര്‍ സല്‍മാന്‍ ), ‘കാവല്‍’ ( സുരേഷ് ഗോപി ), ‘ഭീമന്റെ വഴി’ എന്നിവയും പ്രദര്‍ശനത്തിന് എത്തിയേക്കും. ജനുവരി വരെയുള്ള സിനിമകളുടെ ചാര്‍ട്ടിംഗ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.

പകുതി സീറ്റുകളില്‍ മാത്രമാണു പ്രവേശനം. വാക്‌സിന്‍ രണ്ടു ഡോസും എടുത്തിരിക്കണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവരെയും അനുവദിക്കണമെന്നും തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനത്തിന് അനുമതി നല്‍കണമെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍, ജനറല്‍സെക്രട്ടറി സുമേഷ് ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.