മലയാള സിനിമയില്‍ വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍; വിലങ്ങിടാന്‍ ഫെഫ്ക

മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികളാണ് ഫെഫ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍ നടക്കുന്നത്. പണം മുടക്കാമെങ്കില്‍ നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍ നിന്ന് പണം തട്ടുന്നത്. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് കാസ്റ്റിംഗ് കോളുകള്‍ പ്രചരിപ്പിക്കുന്നത്. ഇതിലെ ചതി മനസിലാക്കാതെ വ്യാജ കാസ്റ്റിംഗ് കോള്‍ പരസ്യങ്ങള്‍ സിനിമാരംഗത്തുള്ളവരും പങ്കുവെയ്ക്കുന്നത് ഇതിലെ വിശ്വാസ്യത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ കീഴില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ആരുമില്ല. ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിലൂടെ വ്യാജനെ കണ്ടെത്താമെന്നാണ് കരുതുന്നത്.

ബോളിവുഡിലും കോളിവുഡിലും പ്രൊഫഷണല്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും മലയാളത്തില്‍ ചുരുക്കം പേരേയുള്ളൂ. ഇവര്‍ക്ക് രജിസ്ട്രേഷനോ സംഘടനകളില്‍ അംഗത്വമോ ഇല്ല.