വില്ലൻ വേഷങ്ങൾക്ക് വിട, തമിഴിൽ കുറച്ച് കോമഡി ആവാം; രജനി ചിത്രത്തിൽ ട്രാക്ക് മാറ്റിപ്പിടിച്ച് ഫഹദ് !

സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ‘ജയ്ഭീം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയാന്‍’. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ തമാശക്കാരനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ഫഹദ് ഫാസിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

തൻ്റെ മിക്ക സിനിമകളിലും ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തനാണ് ഫഹദ്. തമിഴ് സിനിമകളിലെ സാധാരണ വില്ലൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും വേട്ടയനിലെ തൻ്റെ വേഷമെന്ന് താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയാൻ’ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘വേട്ടയാൻ’ ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ. ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചത്തോടെ ഏപ്രിൽ 7 ന് നിർമ്മാതാക്കൾ പുതിയ പോസ്റ്ററും പങ്കുവച്ചിരുന്നു.

‘വേട്ടയാന്‍’ വിതരണം ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് ആണ് രജനികാന്തിനെ അവതരിപ്പിക്കുന്ന പോസ്റ്റർ ഷെയർ ചെയ്തത്. “കുറി വെച്ചൂ. ഈ ഒക്ടോബറിൽ വേട്ടയ്യൻ സിനിമാശാലകളിൽ ചാർജെടുക്കാൻ ഒരുങ്ങുകയാണ്. ഇരയെ തുരത്താൻ തയ്യാറാകൂ” എന്ന അടികുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജ്ഞാനവേലിൻ്റെ ‘വേട്ടയാന്‍ ‘ മാർച്ച് അവസാനത്തോടെ പൂർത്തിയാക്കിയതായി രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. ഒരു ഇടവേള എടുത്ത ശേഷമാകും സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ‘തലൈവർ 171’ എന്ന ചിത്രത്തിലേക്ക് കടക്കുക.