20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളുമായി ഫഹദ്; യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി 'മാലിക്'

“ടേക്ക് ഓഫി”ന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് “മാലിക്”. ഫഹദിനെ സംബന്ധിച്ചിടത്തോളം കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിംഗ് ആയ റോളുകളില്‍ ഒന്നാണ് മാലിക് എന്നാണ് ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍ പറയുന്നത്.

സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. സുലൈമാന്‍ എന്ന കഥാപാത്രിന്റെ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

“ന്യൂനപക്ഷ സമുദായത്തിന് നാടുകടത്തല്‍ ഭീഷണിയുള്ള, അതിനെതിരെ ചെറുത്തുനില്‍പ്പുള്ള ഒരു സ്ഥലത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണ് “മാലിക്കി”ന്റേത്. ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തന്റെ നാട്ടുകാരെ ഉദ്‌ബോധിക്കുന്ന ഒരു വ്യക്തിയുടെയും കൂടെ കഥയാണ് മാലിക് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്”” എന്നും മഹേഷ് നാരായണന്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.