മാസ് ലുക്കിൽ ഫഹദ് ; 'ഹനുമാൻ ​ഗിയർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫഹദ് ഫാസിലിനെ നായകനാക്കി സൂധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഹനുമാൻ ​ഗിയർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ​ഗുഡ് ഫിലിംസിന്റെ 96മത് ചിത്രമായാണ് ‘ഹനുമാൻ ​ഗിയർ’ ഒരുങ്ങുന്നത്. ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദാണ് പോസ്റ്ററിൽ.

പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ കമൻ്റ്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലെയും സജീവ സാന്നിധ്യമാണ് ഫഹദ്. കമൽഹാസൻ നായകനായെത്തിയ തമിഴ് ചിത്രം വിക്രത്തിൽ ഫഹദിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫഹദിന്റെ കഴിഞ്ഞ ചിത്രം മലയൻകുഞ്ഞ് തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതുകൊണ്ട് തന്നെ പുതിയ സിനിമ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.