കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 37 പേർ മരിച്ചെന്ന യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക് തള്ളി ബിബിസി. കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേരാണെന്നാണ് ബിബിസിയുടെ വാദം. ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ബിബിസി അവകാശപ്പെടുന്നു. മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത്.
2025 ജനുവരി 29-ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ സംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 37 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്കെങ്കിലും ബിബിസിയുടെ അന്വേഷണത്തിൽ കുറഞ്ഞത് 82 മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്.
ബിബിസി ഹിന്ദിയുടെ റിപ്പോർട്ടർമാർ 11 സംസ്ഥാനങ്ങളിലും 50-ലധികം ജില്ലകളിലുമായി 100-ലധികം കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കുംഭമേളയിലെ തിക്കിലും തിരക്കിലും തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന് കുടുംബങ്ങൾ അവകാശപ്പെടുന്നു. കുറഞ്ഞത് 82 മരണങ്ങളുടെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കുടുംബങ്ങൾക്ക് കാര്യമായ തെളിവുകൾ നൽകാൻ കഴിയുന്ന കേസുകൾ മാത്രമേ ഈ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും ബിബിസി പറഞ്ഞു.