തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ഫഹദിന്റെ 'മാലിക്'; പെരുന്നാള്‍ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും

കോവിഡ് പ്രതിസന്ധികള്‍ക്ക് ഒടുവില്‍ മലയാള സിനിമയുടെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ഫഹദ് ഫാസിലിന്റെ “മാലിക്” ചിത്രമാണ് അടുത്ത വര്‍ഷം പെരുന്നാള്‍ ദിനത്തില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മെയ് 13-ന് തിയേറ്ററില്‍ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.

ഫഹദിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാലിക്. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.

Image may contain: 1 person, beard, text that says "2021 MAY 13 പെരുന്നാളിന് തീയേറ്ററുകളിൽ malik CARNIVAL B酬 WRITTEN, EDITED& DIRECTED BY PRODUCEDBY MAHESH NARAYANAN ANTO JOSEPH aan"

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചിത്രം ഒ.ടി.ടി. റിലീസായി എത്തുമെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. അതിഗംഭീര മേക്കോവറാണ് ചിത്രത്തില്‍ ഫഹദിന്റേത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്.

20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു.