ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങൾ ചെയ്യുന്നതുപോലെ തോന്നുന്നു; കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് ദുൽഖർ; വാക്കുകൾ ചർച്ചയാവുന്നു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനായ ദുൽഖർ സൽമാൻ. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു.” എന്നാണ് ദുൽഖർ പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ കുറിപ്പ് ആരാധകർ ഏറ്റെടുത്തു.

ഗ്രേറ്റ് ഫാദർ, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്ക്വാഡിന് സംഗീതം നൽകിയിരിക്കുന്നത്.

ആദ്യ ദിവസം 2.4 കോടി രൂപയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ണൂർ സ്ക്വാഡിന്റെ വിജയത്തോടനുബന്ധിച്ച്  സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി വരുന്നത്. റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫേറർ ഫിലിംസാണ് കണ്ണൂർ സ്ക്വാഡിന്റെ വിതരണം.