നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.
‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽ നിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരു പറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ’ എന്ന് ഉണ്ണികൃഷ്ണൻ ചോദിച്ചു.
‘പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







