'പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത്'; മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിസാരവത്കരിച്ചുള്ള കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തിന് വിമർശനം ശക്തം

മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിസാരവത്കരിച്ചുള്ള കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തിന് വിമർശനം ശക്തംമാകുന്നു. വിഷയത്തിൽ കൃഷ്ണപ്രഭയെ വിമർശിച്ച് പല താരങ്ങളും രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ വിഷയവുമായി ബദ്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ കൃഷ്ണപ്രഭക്കെതിരെ വിമർശനം ശക്തമാവുകയാണ്. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ കൃഷ്ണപ്രഭ പറഞ്ഞത്.

എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കൃഷ്ണപ്രഭ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. കൃഷ്‌ണപ്രഭയുടെ അഭിപ്രായത്തിനെതിരെ മാനസികാരോഗ്യ വിദഗ്‌ധർ അടക്കമാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്യങ്ങൾ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും പണിയില്ലാത്തവർക്ക് മാത്രമല്ല ഡിപ്രഷൻ വരുന്നതെന്നും പറഞ്ഞ് നിരവധി പേരാണ് നടിയുടെ അഭിപ്രായത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചിരിക്കുന്നത്.

‘ഇപ്പോൾ ഉള്ള ആളുകൾ പറയുന്നത് കേൾക്കാം ഓവർ തിങ്കിങ്ങ് ആണ് ഡിപ്രഷൻ വരുന്നു എന്നൊക്കെ . എന്തൊക്കെയോ പുതിയ വാക്കുകളൊക്കെ വരുന്നുണ്ടല്ലോ… മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് കേൾക്കാം. ഞങ്ങൾ വെറുതെ കളിപ്പിച്ച് പറയും, പണ്ടത്തെ വട്ട് തന്നെ, ഇപ്പോൾ ഡിപ്രഷൻ. പുതിയ പേരിട്ടു. അതൊക്കെ വരാൻ കാരണം പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്. എപ്പോഴും മനുഷ്യൻ ബിസിയായി ഇരുന്നാൽ കുറേ കാര്യങ്ങൾക്ക് പരിഹാരമുണ്ടാവും’- എന്നാണ് കൃഷ്ണപ്രഭ പറയുന്നത്.

എന്നാൽ ഇതിനെതിരെ നടി സാനിയ ഇയ്യപ്പൻ വിമർശനവുമായി എത്തി. കൃഷ്ണപ്രഭ പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു സൈക്കോളജിസ്റ്റ് പങ്കുവെച്ച് വീഡിയോ സാനിയ ഇയ്യപ്പൻ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചതോടെയാണ് ആളുകൾ ഈ വിഷയത്തിലേക്ക് കൂടുതലായി ശ്രദ്ധ തിരിച്ചത്. പിന്നാലെ ഗായികയായ അഞ്ചു ജോസഫും രൂക്ഷമായാണ് കൃഷ്ണപ്രഭയെ വിമർശിച്ചത്. ക്ലിനിക്കൽ ഡിപ്രഷനും ആൻസൈറ്റി ഡിസോഡറും അനുഭവിച്ച വ്യക്തി എന്ന നിലയിൽ തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നാണ് അഞ്ചു പ്രതികരിച്ചത്.

അതേസമയം താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ലെന്നും ഈ കോലാഹലം ഉണ്ടാക്കുന്നവർ തന്റെ അഭിമുഖം പൂർണമായും കണ്ടിട്ടില്ലെന്നും വ്യക്തമാക്കി കൃഷ്ണപ്രഭ തന്നെ വീണ്ടും രംഗത്തെത്തി. ചിലർ റീച്ചിന് വേണ്ടി തന്റെ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ പറഞ്ഞിരുന്നു.

Read more