അവര്‍ കാല്‍ കയറ്റിവെച്ചിരിക്കുന്നത് വിവരമില്ലാത്ത കുലപുരുഷന്മാരുടെ തലയില്‍; ദര്‍ശനയ്‌ക്ക് എതിരെ ഉയര്‍ന്ന സദാചാര കമന്റിന് മറുപടി

വളരെ കുറച്ച് സിനിമകളിലെ മികവുറ്റ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായി മാറിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍.

ബേസില്‍ ജോസഫ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലും ദര്‍ശന മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ഗംഭീര പ്രമോഷന്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.

ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ടീം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ കാലിന്റെ മുകളില്‍ കാല്‍ കേറ്റിവച്ചാണ് ദര്‍ശന ഇരിക്കുന്നത്. ഇതില്‍ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമന്റ് ചെയ്തിട്ടുള്ളത്.

‘കാല് താഴെ വെക്കടി. നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നത്. അവര്‍ക്ക് ആര്‍ക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ’ ഇതായിരുന്നു ഈ വ്യക്തിയുടെ കമന്റ്. നിരവധി ആളുകള്‍ ആണ് ഇയാള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് രംഗത്തെത്തുന്നത്.

ദര്‍ശന കാല്‍ കയറ്റി വച്ചിരിക്കുന്നത് അവരുടെ തന്നെ കാലിന്റെ മുകളില്‍ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.