സി ഐ ടി യു സിനിമാരംഗത്തേക്ക് ; സിനിമാ തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപനം

തൊഴിലാളി ട്രേഡ് യൂണിയന്‍ സി.ഐ.ടി.യുവിന്റെ പ്രവര്‍ത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിയ്ക്കുന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍( കെ.സി.ഇ.ഫ് ) എന്ന പേരില്‍ പുതിയ സിനിമ സംഘടന നിലവില്‍ വന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ്.

സിനിമ പി.ആര്‍.ഒ എ.എസ് പ്രകാശിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയര്‍മാനുമായ കെ.എന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് എല്ലാ വിഭാഗം സിനിമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണി നിരത്തുന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.

വിവിധ ജോലികള്‍ ചെയ്യുന്ന ചലച്ചിത്ര തൊഴിലാളികള്‍ക്കായി സി.ഐ.ടി.യു സംസ്ഥാനതലത്തില്‍ രൂപീകരിച്ച സംഘടനയ്ക്ക് സംസ്ഥാനത്ത് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. സിനിമ തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ഉറപ്പുവരുത്താതെ ലക്ഷങ്ങള്‍ പ്രവേശന ഫീസായി വാങ്ങി , കോടികള്‍ സമ്പാദിയ്ക്കുന്ന സിനിമ സംഘടനകള്‍ക്കുള്ള തിരിച്ചടിയായിരിക്കും ് സി.ഐ.ടി.യു വിന്റെ പുതിയ സംഘടന എന്നാണ് പ്രഖ്യാപനം.