ഉത്തരേന്ത്യയില്‍ പച്ച തൊടാതെ സിനിമകള്‍ , പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് ചിരഞ്ജീവി, ആരാധകര്‍ കലിപ്പില്‍

ഹിന്ദിയില്‍ ഒരു ഹിറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് തെലുങ്കിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവി. തുടര്‍ച്ചയായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെ അങ്ങനെതന്നെ പരാജയമടയുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇതിലൊന്നും തോറ്റ് പിന്മാറാന്‍ നടന്‍ ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സെയ്രാ നരസിംഹ റെഡ്ഡി ഒരു വലിയ പാന്‍-ഇന്ത്യന്‍ സിനിമ എന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരുന്നത്.

ഇതിന്റെ ഭാഗമായി അവര്‍ ബിഗ് ബി അമിതാഭ് ബച്ചനെ വരെ ഈ സിനിമയിലേക്കെത്തിക്കാന്‍ നോക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല, ഹിന്ദി ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയം രുചിക്കുകയും ചെയ്തു.

ആചാര്യയില്‍ രാം ചരണിനെ ഒരു പ്രധാന വേഷത്തില്‍ കൊണ്ടു വന്നതിന് പിന്നില്‍ പോലും ചിരഞ്ജീവിയുടെ ഈ ചിരകാല അഭിലാഷമായിരുന്നു. ആര്‍ആര്‍ആര്‍ ഹിന്ദി ബോക്‌സോഫീസില്‍ കരസ്ഥമാക്കിയ വിജയം സിനിമയ്ക്ക് പ്രയോജനപ്പെടുമെന്ന് കണക്കുകൂട്ടിയെങ്കിലും ഒന്നും നടന്നില്ല. അതുകൊണ്ട് തന്നെ അവസാന നിമിഷം അവര്‍ ഹിന്ദി റിലീസ് തീരുമാനം മാറ്റി.

ആചാര്യ ഹിന്ദിയില്‍ റിലീസ് ചെയ്യാത്തപ്പോള്‍ മെഗാ ആരാധകര്‍ വളരെയധികം സന്തോഷിച്ചിരുന്നു. കാരണം ചിത്രം തെന്നിന്ത്യയില്‍ തന്നെ ഒരു വന്‍ പരാജയമായിരുന്നു, അത് ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ രാം ചരണിന്റെ കരിയറിന് ദോഷം ചെയ്യുമായിരുന്നു.

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങി, ഇത്തവണ, ചിരഞ്ജീവി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനെ വേദിയിലെത്തിച്ച് അതിഥി വേഷത്തിലെത്തിച്ചു. ഹിന്ദി പതിപ്പില്‍ സല്‍മാന്റെ സാന്നിധ്യം ചിത്രത്തിന് സഹായകമാകുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ ഗോഡ്ഫാദറിന് ഹിന്ദിയില്‍ 10-15 കോടി ഗ്രോസ് കലക്ഷന്‍ നേടാനേ സാധിച്ചുള്ളു. തന്റെ സിനിമകള്‍ ഹിന്ദിയില്‍ പരാജയമായിട്ടും ചിരഞ്ജീവി തന്റെ ഏറ്റവും പുതിയ ചിത്രമായ വാള്‍ട്ടയര്‍ വീരയ്യ തെലുങ്കിലും ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുകയാണ്.

ഇതിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്, എന്നാല്‍ ചിരഞ്ജീവി തുടര്‍ച്ചയായി ചിത്രങ്ങള്‍ ഹിന്ദിയില്‍ റിലീസ് ചെയ്യുകയാണ്. എന്തായാലും ആരാധകര്‍ ഇതില്‍ കുപിതരാണെന്നാണ് സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്.