'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മ്മാതാക്കള്‍ക്ക് കുരുക്ക്; ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കേസ്

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അരൂര്‍ സ്വദേശി വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ചിത്രം നിര്‍മ്മിക്കാനായി സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നായിരുന്നു സിറാജിന്റെ ആരോപണം.

എറണാകുളം മരട് പൊലീസ് ആണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ല എന്നാണ് പരാതി.

അതേസമയം, ചിത്രം ആഗോള തലത്തില്‍ ഇതുവരെ 236 കോടി രൂപ നേടിക്കഴിഞ്ഞു. ഫെബ്രുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്തത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം 20 കോടി ബജറ്റിലാണ് ഒരുക്കിയത്.

2006ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം.