ഇത് 'ഒരു പ്രേമം ഉണ്ടാക്കിയ കഥ', കാളിദാസനും കുക്ക് ബാബുവും വീണ്ടും; 'ബ്ലാക്ക് കോഫി' ടീസര്‍

“സാള്‍ട്ട് ആന്‍ഡ് പെപ്പറി”ന് ശേഷം “ബ്ലാക്ക് കോഫി”യുമായി കാളിദാസും കുക്ക് ബാബുവും. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ വീണ്ടുമെത്തുകയാണ്. നടന്‍ ബാബുരാജ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

കളത്തിപ്പറമ്പില്‍ കാളിദാസനായി ലാലും മായാ കൃഷ്ണനായി ശ്വേത മേനോനും കുക്ക് ബാബുവുമായി ബാബുരാജും വീണ്ടും വേഷമിടുന്നു. “ഒരു പ്രേമം ഉണ്ടാക്കിയ കഥ” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ടാഗ് ലൈന്‍ “ഒരു ദോശ ഉണ്ടാക്കിയ കഥ” എന്നായിരുന്നു.

ബ്ലാക്ക് കോഫിയില്‍ ആഷിഖ് അബു അതിഥി വേഷത്തില്‍ എത്തും. രചന നാരായണന്‍ കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നിരവധി നായികമാരും ചിത്രത്തിലുണ്ട്. സണ്ണി വെയ്‌നും, സിനില്‍ സൈനുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുക്ക് ബാബു എത്തുന്നതും അവിടെ നിന്നും കാളിദാസ് ബാബുവിനെ തിരിച്ചു കൊണ്ടു പോവുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം എന്നാണ് ടീസറില്‍ നിന്നുള്ള സൂചന.