ആക്ഷനും കട്ടും റീടേക്കും പറഞ്ഞ് ഷാജി കൈലാസ്, ഓടി തളര്‍ന്ന് ഭാവന; 'ഹണ്ട്' മേക്കിംഗ് വീഡിയോ

ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. സിനിമയിലെ പ്രധാന രംഗങ്ങളും ഭാവനയുടെ ചില രംഗങ്ങളും ഉള്‍പ്പെടുന്ന മേക്കിംഗ് വീഡിയോയാണ് ഷാജി കൈലാസ് പങ്കുവച്ചത്. ഹൊറര്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്.

മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹണ്ടില്‍ ‘ഡോ. കീര്‍ത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നില്‍ എത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതിഥി രവിയുടെ ‘ഡോ. സാറ’ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിഖില്‍ എസ് ആനന്ദ് ആണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

അതേസമയം, ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ‘പിങ്ക് നോട്ട്’, ‘കേസ് ഓഫ് കൊണ്ടാന’ എന്നീ കന്നഡ സിനിമകളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.