കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ബീസ്റ്റിന് വന്‍വരവേല്പ് ; തിയേറ്ററുകള്‍ ഹൗസ്ഫുള്‍, ആറാടി ആരാധകര്‍

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ‘ബീസ്റ്റി’ന് വന്‍ വരവേല്‍പ്പാണ് ശ്രീലങ്കന്‍ ജനത നല്‍കുന്നത്. ശ്രീലങ്കയിലെ ഭൂരിഭാഗം തിയേറ്ററുകളിലും പ്രീ റിലീസ് ബുക്കിങ്ങിലൂടെ റെക്കോര്‍ഡ് നേട്ടമാണ് സിനിമ കൈവരിച്ചിരിക്കുന്നത്. പല തിയേറ്ററുകളിലും റിലീസ് ദിവസമായ ഏപ്രില്‍ 13 ഹൗസ്ഫുള്ളാണ് ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയില്‍ കാണിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വിജയ് ഫാന്‍സ് ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.

കൊളംബോയിലെ ലിബര്‍ട്ടി ബൈ സ്‌കോപ് സിനിമാസ്, മജെസ്റ്റിക് സിനീപ്ലക്‌സ്, പിവിആര്‍ സിനിമാസ് ലക്‌സി വണ്‍ ഗാലെ ഫേസ് മാള്‍, ജഫ്നയിലെ റീഗല്‍ സിനിമ തുടങ്ങി നിരവധി തീയേറ്ററുകള്‍ ഇപ്പോഴേ ഹൗസ് ഫുള്ളാണ്. കേരളത്തില്‍ 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്.

സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളത്.