ഷാമിലിക്കും കുടുംബത്തിനും ഇനി അന്നത്തിനായി യാചിക്കേണ്ട; ഏറ്റെടുത്ത് ബാദുഷ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വാര്‍ത്തയായിരുന്നു കൊല്ലത്തുള്ള ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ ഷാമിലിയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുടുംബത്തെ ഏറ്റെടുത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

ബാദുഷയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീം- ബാദുഷ ലവേഴ്‌സ് ആണ് കുടുംബത്തിന് സഹായമായി എത്തിയത്. ടീമിലെ അംഗമായ സി.ഐ കുഞ്ഞുണ്ണിയുടെ സാന്നിദ്ധ്യത്തില്‍ ഈ കുടുംബത്തിന് ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി.

മലയാളം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയ ബാദുഷ നൂറിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹസംവിധായകനായും നടനായും ബാദുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്ന പുതിയ സിനിമയാണ് ബാദുഷ നിലവില്‍ നിര്‍മ്മിക്കാനിരിക്കുന്നത്.

എം. പത്മകുമാറിന്റെ വര്‍ഗം എന്ന സിനിമയിലൂടെയാണ് ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയത്. ബാദുഷയുടെ നേതൃത്വത്തില്‍ ബാദുഷ അക്കാദമി ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.