സിനിമക്കാരുടെ ആത്മഹത്യ കാണേണ്ടി വരും, സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ: ബാദുഷ

രണ്ടാം കോവിഡ് തരംഗത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ വല്ലാത്ത പ്രതിസന്ധിയില്‍ ആണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. ഇപ്പോഴത്തെ അവസ്ഥ സിനിമാ മേഖലയെ വലി പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്, ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ കാണേണ്ടി വരും. സിനിമാ സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന് ബാദുഷ പറയുന്നു.

ബാദുഷയുടെ കുറിപ്പ്:

ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥിതി സിനിമാ മേഖലയെ വലിയ പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് പലരുടെയും ജീവിതം. അതിനിടയിലാണ് പല ദുഃഖകരമായ വാര്‍ത്തകളും വരുന്നത്. ലോക്ഡൗണ്‍ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നു. തൊഴിലില്ലാത്ത നിരവധി പേര്‍ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാല്‍ നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്‍, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്‌നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.

എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ കാണേണ്ടി വരും. സിനിമാ സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

നമ്മെക്കൊണ്ടാകുന്ന പോലെ പരസ്പരം സഹകരിക്കാനും ശ്രമിക്കാം. സിനിമ മേഖയില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണ്. അഭിമാന പ്രശ്‌നം മൂലം ആരും പുറത്തു പറയുന്നില്ല എന്നു മാത്രം. ലോകത്തെ ആകെ ഗ്രസിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം കൊറോണയുടെ വരവ്. രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ മേഖലകളും സ്തംഭിച്ചു, സിനിമയും. ഷൂട്ടിങ്ങുകള്‍ നിലച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഇതാടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ജീവിതം താറുമാറായി. ലൈറ്റ് ബോയി മുതല്‍ നിര്‍മാതാക്കള്‍ വരെയുള്ള എല്ലാവരും പ്രതിസന്ധിയില്‍. പരസ്പരം സഹായിച്ചും സഹകരിച്ചും കൊവിഡിന്റെ ആദ്യ വരവിനെ നാം അതിജീവിച്ചു. പതിയെ കൊവിഡ് കേസുകള്‍ കുറഞ്ഞു. സിനിമാരംഗവും ഇതോടെ ഉണര്‍ന്നു. തിയേറ്ററുകള്‍ തുറന്നു, പ്രേക്ഷകരുടെ കാഴ്ചയുടെ വര്‍ണ വിഹായസിലേക്ക് സിനിമ ഒഴുകിയെത്തി. വെള്ളം എന്ന സിനിമയായിരുന്നു ആദ്യം പ്രക്ഷകരുടെ മുന്നിലേക്കെത്തത്തിയത്. ഏതാണ്ട് 11 മാസത്തെ കൊവിഡ് പ്രതി സന്ധികള്‍ക്ക് ശേഷമായിരുന്നു ആദ്യമായി ഒരു മലയാള സിനിമ റിലീസിനെത്തിയത്. ഓരോ സിനിമാപ്രേമിയും കാത്തിരുന്ന മുഹൂര്‍ത്തം.

സിനിമകള്‍ വരുന്നു എന്നതിനപ്പുറം ഈ രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേര്‍ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. അവര്‍ക്ക് പുതുജീവന്‍ ലഭിക്കുകയായിരുന്നു.
ഷൂട്ടിങ്ങുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും തിയേറ്ററുകള്‍ തുറക്കാതിരുന്നത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്.

ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വലിയ ആശ്വാസങ്ങളുടെ തണലില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കൊവിഡ് കാലത്ത് മനുഷ്യന്റെ ഏറ്റവും കുറഞ്ഞ പരിഗണനയായിരുന്നു വിനോദം എന്നത് മനസിലാക്കുമ്പോഴും ഈ രംഗത്ത് ജോലി ചെയ്തിരുന്നവരുടെ വിഷമതകള്‍ വിവരണാതീതമായിരുന്നു. അതൊക്കെ പതിയെ മാറി വരികയായിരുന്നു. നിരവധി സിനിമകള്‍ ഇതിനോടകം വന്നു. പലതും സൂപ്പര്‍ ഹിറ്റുകളായി.

അങ്ങനെ സിനിമാരംഗം ചലിച്ചു തുടങ്ങി. നൂറു ശതമാനം പേര്‍ക്കും തൊഴിലായില്ലെങ്കിലും അറുപതുശതമാനത്തിലേറെ പേര്‍ക്ക് തൊഴിലായി. അവരൊക്കെ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. അപ്പോഴാണ് കൊ വിഡ് വ്യാപനം മുമ്പത്തേതിനേക്കാള്‍ ഭീകരമായി നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്‌നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാന്‍ പറ്റുന്നില്ല.

ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണ്‍ എടുത്തും മറ്റുമാണ് തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും കെട്ടിയുയര്‍ത്തിയത്. ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും.സിനിമകള്‍ റിലീസ് ചെയ്താല്‍ തന്നെ ജനങ്ങള്‍ ഉടന്‍ തിയേറ്ററുകളിലെത്തുന്ന കാര്യം സംശയം.

അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ വൈദ്യുതി നിരക്ക് ഉള്‍പ്പെടെ അടയ്‌ക്കേണ്ടിയും വരുന്നു. ഒന്നാം വ്യാപനത്തിന്റെ കഷ്ടതകളില്‍ നിന്ന് കരകയറുന്നതിനു മുമ്പേ രണ്ടാം വ്യാപനവും കൂടി വന്നു. ഏപ്രില്‍ 20 ഓടു കൂടി തിയേറ്ററുകള്‍ വീണ്ടും അടച്ചു. ഇനിയെന്തു ചെയ്യും എന്നറിയാന്‍ മേലാത്ത അവസ്ഥ. നിര്‍മാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിര്‍മിച്ച പല സിനിമകളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്.

ഒടി ടി പ്ലാറ്റ്‌ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ സിനിമകളുടെ വ്യാജപതിപ്പതിപ്പുകള്‍ യഥേഷ്ടം വിഹരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 80-ലേറെ സിനിമകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകള്‍ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്തത്.

നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയേ മതിയാകൂ. പരസ്പരം സഹായിച്ചും സഹകരിച്ചം നമുക്ക് മുന്നോട്ടു പോകാം. പ്രതിസന്ധികളെ തരണം ചെയ്യാന്‍ സിനിമാസംഘടനകളാണ് ആദ്യം മുന്നിട്ടിറങ്ങേണ്ടത്. എല്ലാത്തിനുമുപരി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രി യാത്മകമായ ഒരു ഇടപെടല്‍ ഉണ്ടാവണം.