'ഒരുമാതിരി മൂക്ക് കയറിട്ടതു പോലെ': ഡ്രീം ഗേളിനായി മൂക്കുത്തിയിട്ടതിനെ കുറിച്ച് ആയുഷ്മാന്‍ ഖുരാന

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഏറ്റവും പുതിയ ചിത്രമാണ് “ഡ്രീം ഗേള്‍”. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. ആദ്യമായി സ്ത്രീവേഷത്തിലെത്തുന്ന ത്രില്ലിലാണ് ആയുഷ്മാന്‍. എന്നാല്‍ സ്ത്രീകളുടെ വേഷവിധാനങ്ങള്‍ കൊണ്ട് വട്ടം കറങ്ങിയിരിക്കുകയാണ് താരം.

ചിത്രത്തില്‍ സീതയായും രാധയായും വേഷം കെട്ടുന്നതിനിടെ ഉപയോഗിച്ച മൂക്കൂത്തിയാണ് താരത്തെ ഏറെ ചുറ്റിച്ചിരിക്കുന്നത്. സ്ത്രീകള്‍ ധരിക്കുന്ന “നത്” എന്നറിയപ്പെടുന്ന മൂക്കുത്തി ധരിച്ചപ്പോള്‍ മൂക്ക് കയറിട്ടതു പോലെയാണ് തോന്നിയതെന്ന് താരം വ്യക്തമാക്കുന്നു. താരം മൂക്കുത്തിയെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രാജ് ഷാന്‍ഡില്യ സംവിധാനം ചെയ്യുന്ന “ഡ്രീം ഗേള്‍” നിര്‍മ്മിക്കുന്നത് ഏക്താ കപൂറാണ്. നുസ്രത്ത് ബരുചയാണ് നായികയായി എത്തുന്നത്. അന്നു കപൂര്‍, വിജയ് രാസ്, അഭിഷേക് ബാനര്‍ജി, രാജേഷ് ശര്‍മ്മ, രാജ് ബന്‍സാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.