'ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്ത് പോലെ, രാജി, സ്വീകരിച്ചിട്ടില്ല'; ഫിയോക്ക് പ്രസിഡന്റ്

 

ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആണെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും സംഘടന ചെയര്‍മാന്‍ ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്തായാണ് അദ്ദേഹത്തിന്റെ കത്ത് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍മ്മാതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. എക്സിബിറ്റേഴ്സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. നാല് വര്‍ഷം സംഘടനയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാലയളവില്‍ എക്സിബിറ്റര്‍മാരുടെ ഏതാവശ്യമാണ് അദ്ദേഹം പരിഗണിച്ചിട്ടുള്ളതെന്ന് അറിയില്ല. അതുകൊണ്ടായിരിക്കാം പദവിയില്‍ നിന്ന് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നതും’.

എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ഒരു സിനിമ നിര്‍മ്മിച്ച് ഒടിടിക്ക് കൊടുക്കുന്ന നിലപാട് ചിന്തിക്കാന്‍ കഴില്ലെന്നും വിജയകുമാര്‍ പറഞ്ഞു. തിയറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു സമാന്തര രേഖയാണ് ഒടിടി പ്ലാറ്റ്ഫോമെന്നും അദ്ദേഹം പറഞ്ഞു.