ആ പാട്ടു കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു: അനൂപ് സത്യന്‍

ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയനായികയുടെ തിരിച്ചുവരവ്. “യമുനൈ ആട്രിലെ” എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് ശോഭനയെ അണിയറ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് വരവേറ്റത്.

“ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നു. “യമുനൈ ആട്രിലെ” എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ് ആയ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ ശോഭനയെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു. പിന്നീട് സിനിമയ്ക്കായി ക്യാമറ റോള്‍ ചെയ്തപ്പോഴും ആദ്യ ടേക്കില്‍ തന്നെ അവര്‍ ഷോട്ട് ഓക്കേ ആക്കി. ഞാന്‍ ഇപ്പോള്‍ ഒരുപാട് ചിരിക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും. അഭിനയത്തിലെ ഈ രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കരുതുന്നു.” അനൂപ് സത്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. അല്‍ഫോന്‍സ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.