ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി

ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ വിഷയമാകുന്ന ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി. IDSFFKയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഹൈക്കോടതിയാണ് അനുവാദം നല്‍കിയത്. ബുധനാഴ്ച കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ വിവേക്(റീസണ്‍) എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലും “റീസണ്‍” ഉള്‍പ്പെടുത്തും.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിന്ദുത്വവാദികളുടെ ആക്രമണത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ഇളവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സംവിധായകന്‍ കോടതിയെ സമീപിച്ചത്.

ഇത് ആദ്യമായല്ല കേരളാ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2017-ല്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.