അന്ന് ടറന്റിനോ ഇന്ന് ടോഡ് ഫിലിപ്സ്; ഉലകനായകൻ റെഫറൻസ് വീണ്ടും ലോക സിനിമയിൽ ചർച്ചയാവുന്നു

വാക്വിൻ ഫീനിക്‌സിനെ നായകനാക്കി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘ജോക്കർ’. ആ വർഷത്തെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരവും വാക്വിൻ ഫീനിക്‌സ് നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിലെ ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. കഴിഞ്ഞ ദിവസം ‘ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ’ ട്രെയ്ലർ പുറത്തുവിട്ടിരുന്നു.

ട്രെയ്ലറിലെ ശ്രദ്ധേയമായ ഒരു രംഗമായിരുന്നു മുൻപിലുള്ള മുഖം നോക്കുന്ന ഗ്ലാസിലെ ചിരിക്കുന്ന വരയിലേക്ക് ജോക്കർ തന്റെ മുഖം വെച്ച് ചിരിക്കുന്ന രൂപത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇത് ഇരുപത്തിമൂന്ന് വർഷം മുൻപ് കമൽഹാസൻ ആളവന്താൻ എന്ന ചിത്രത്തിൽ ചെയ്തതാണെന്നാണ് സിനിമാഗ്രൂപ്പിലെ ചർച്ചാവിഷയം.

വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്വിന്റൻ ടറന്റിനോയുടെ ‘കിൽ ബിൽ വോള്യം 1’ എന്ന ചിത്രത്തിലെ ആനിമേഷൻ രംഗത്തിന് പ്രചോദനമായതും സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് കമൽ ഹാസൻ പ്രധാന വേഷത്തിലെത്തിയ ‘ആളവന്താന്‍’ എന്ന ചിത്രത്തിലെ ആനിമേറ്റഡ് രംഗമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഐഎംഡിബിയാണ് രണ്ട് ചിത്രങ്ങളിലെയും രംഗങ്ങൾ താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by IMDb India (@imdb_in)

ആർതറും സോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാവും ജോക്കർ  രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഈ വർഷം ഒക്ടോബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സാസീ ബീറ്റ്സ്, ബ്രെൻഡൻ ഗ്ളീസൺ, കാതറീൻ കീനർ, ജോക്കബ് ലോഫ് ലാൻഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആദ്യ ഭാഗത്തിന് നിരൂപക പ്രശംസകൾക്കൊപ്പം മികച്ച ബോക്സ്ഓഫീസ് കളക്ഷനും നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ ചിത്രത്തെ നോക്കിക്കാണുന്നത്.