സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് പലരും മാറി നിന്നത് വേദനിപ്പിച്ചു: അലന്‍സിയര്‍

മീ ടൂ ആരോപണത്തില്‍ പെട്ടപ്പോള്‍ തനിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ വിസമ്മതിച്ച ശ്യാം പുഷ്‌കരനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ ലോപസ്. മൂന്ന് കൊല്ലമായിട്ടെ കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പത് കൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറി നിന്നെന്നും മൗനം വേദനയുണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു.

ന്യൂസ് 18 കേരളയുമായുള്ള അഭിമുഖത്തിലായിരുന്നു അലന്‍സിയറുടെ പ്രതികരണം. പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്നും ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍ പറഞ്ഞു.

വാര്‍ത്ത അറിയുന്നത് “സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു.

ആ കുട്ടിക്ക് ഫീല്‍ ചെയ്തതു പോലെ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളില്‍ എന്റെ വര്‍ത്തമാനവും സൗഹാര്‍ദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നില്‍ നിന്നുണ്ടായപ്പോള്‍ ഞാന്‍ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്.

മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടന്‍. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചിരുന്നുവെങ്കില്‍. അലന്‍സിയര്‍ വ്യക്തമാക്കി.