'പാച്ചുവും അത്ഭുതവിളക്കും', അഖില്‍ സത്യന്‍ ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസില്‍; ഏപ്രിലില്‍ ആരംഭിക്കുന്നു

സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സിനിമ പ്രഖ്യാപിച്ചു. അഖില്‍ സത്യന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനാകുന്നത്. “പാച്ചുവും അത്ഭുതവിളക്കും” എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിലാണ് ആരംഭിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല.

എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം.

രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികള്‍ അഖില്‍ സത്യന്‍ ഒരുക്കിയിട്ടുണ്ട്. അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരട്ട സഹോദരനായ അനൂപ് സത്യന്റെ ആദ്യ സിനിമ വരനെ ആവശ്യമുണ്ട് ഹിറ്റായിരുന്നു.

അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്നത്. മെയ് 13-ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ്, പാട്ട് എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.