വീണ്ടും ബാലയ്യ തരംഗം; അഖണ്ഡ നൂറ് കോടി ക്ലബ്ബില്‍

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന തെലുങ്ക് ആക്ഷന്‍ ചിത്രം ‘അഖണ്ഡ’ ബോക്‌സ് ഓഫീസില്‍ ഹിറ്റിലേക്ക്. ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ശ്രദ്ധ നേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ബിലേക്ക് ചിത്രം കടന്നിരിക്കുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകരും അണിയറ പ്രവര്‍ത്തകരും.

‘ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റര്‍’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നിര്‍മ്മാതാവ് ബി എ രാജു ഫെയ്സ്സ്ബുക്കിലൂടെ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ആദ്യമായാണ് ഒരു ബാലയ്യ ചിത്രം 100 കോടിയിലേക്ക് എത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍, 50 ശതമാനം പ്രവേശനമടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ‘അഖണ്ഡ’ നേടിയത് വമ്പന്‍ വിജയം തന്നെയാണ് എന്നാണ് ടോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

‘മരക്കാര്‍’ സിനിമ റിലീസ് ചെയ്ത ദിവസം തന്നെയാണ് ‘അഖണ്ഡ’യും പ്രദര്‍ശനത്തിനെത്തിയത്.ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ 10 ദിവസം കൊണ്ട് 80 കോടി നേടിയ ചിത്രം, വിതരണക്കാര്‍ക്ക് മാത്രം 50 കോടിയിലേറെ ഷെയറും നേടിക്കൊടുത്തു. വിദേശ വിപണികളില്‍ നിന്ന് മാത്രം 15 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്.

സംവിധായകന്‍ ബോയാപട്ടി ശ്രീനു തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന അഖണ്ഡയുടെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് എം രത്‌നമാണ്. ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ മിര്യാല രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മാണം. പ്രഗ്യ ജയ്‌സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബാലയ്യയുടെ ശൈലിയിലുള്ള പഞ്ച് ഡയലോഗുകളാലും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് ചിത്രം.