കരള്‍രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍, വിജയന്‍ കാരന്തൂരിനായി സഹായം അഭ്യര്‍ത്ഥിച്ച് അജു വര്‍ഗീസ്

കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിനായി സഹായം അഭ്യര്‍ത്ഥിച്ച് അജു വര്‍ഗീസ്. ‘വിജയന്‍ കാരന്തൂരിനായി നമുക്ക് കൈകോര്‍ക്കാം’ എന്ന പോസ്റ്റര്‍ ആണ് അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിജയന്‍ കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോസ്റ്റിലുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കരള്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയാണ് വിജയന്‍ കാരന്തൂര്‍. തന്റെ രോഗാവസ്ഥയെ കുറിച്ച് വിശദീകരിച്ച്, കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ഇനി ഏക പോംവഴി എന്ന് പറഞ്ഞു കൊണ്ടുള്ള വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.

ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി തന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. അതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്ത് കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ തന്നെ സഹായിക്കുകയും, തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്നു എന്നാണ് വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ ‘മരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ‘വേഷം’, ‘ചന്ദ്രോത്സവം’, ‘വാസ്തവം’, ‘നസ്രാണി’, ‘പാലേരി മാണിക്യം’, ‘പരുന്ത്’, ‘സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍’, ‘ഇയ്യോബിന്റെ പുസ്തകം’ എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.