100 ഓളം സിനിമകള്‍,കരുത്തുറ്റ കഥാപാത്രങ്ങള്‍; ചിത്രയുടെ വിയോഗം വിശ്വസിക്കാനാകാതെ സിനിമാ ലോകവും ആരാധകരും

അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാര്‍ത്തി,ദേവാസുരത്തില്‍ സുഭദ്ര സൂത്രധാരനിലെ റാണീയമ്മ. അങ്ങിനെ മലയാള സിനിമ കണ്ട ശക്തമായ സ്ത്രീ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന നടിയാണ് ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നടിക്ക് പഞ്ചാഗ്നിയിലൂടെയാണ് മികച്ച കഥാപാത്രം ലഭിക്കുന്നത്.

2002-ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് മലയാളത്തിലെ അവസാന ചിത്രം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും താത്കാലികമായി വിട്ടു നിന്നെങ്കിലും തമിഴില്‍ ഇടക്കിടെ ചിത്രങ്ങളില്‍ സജീവമായിരുന്നു. തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും അവര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു നടിയുടെ അന്ത്യം. അകാലത്തിലുള്ള ഈ വേര്‍പാട് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് സിനിമാലോകവും ആരാധകരും. . സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍ നടക്കും.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ.