നടി അംബികാ റാവു അന്തരിച്ചു

 

ചലച്ചിത്ര നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികയായിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു.

മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

20 വര്‍ഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു വളരെ യാദ്ദൃചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി ‘യാത്ര’ എന്ന സീരിയലിന്റെ കണക്കുകള്‍ നോക്കാന്‍ എത്തിയതായിരുന്നു തുടക്കം.

അംബികക്ക് താങ്ങായി വന്നതു പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനായിരുന്നു. അവരെ അദ്ദേഹം തന്റെ കൂടെ ഒരു സഹസംവിധായികയായി കൂട്ടി. ‘ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സിനിമയില്‍ അറിയപ്പെടുന്നത്.