'നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ' എന്ന് ചോദിച്ച് പൊലീസിന്റെ പ്രതികാര നടപടി; സഹോദരന്റെ ഓട്ടോറിക്ഷ കസ്റ്റഡിയില്‍!

വിനായകനോടുള്ള പക പൊലീസ് തന്നോട് തീര്‍ക്കുകയാണെന്ന് നടന്റെ സഹോദരന്‍. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷ നിസാര കുറ്റം ചുമത്തി കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ആരോപണം.

വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തത്. ‘നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ’ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമന്‍ ആരോപിച്ചു.

എന്നാല്‍ വിക്രമന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാര്‍, നടന്‍ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു. ഐപിസി 283-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

”എന്റെ ഭാര്യയുടെ പേരിലുള്ള ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകല്‍ 11.25 ഓടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുന്‍വൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു.”

”മുളവുകാട് പഞ്ചായത്തിലെ വല്ലാര്‍പാടത്ത് ഹാള്‍ട്ടിങ് സ്റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല. യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസ് എത്തിയത്.”

”നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചു വെക്കുകയായിരുന്നു. കമ്മട്ടിപാടത്താണ് എന്റെ വീട്. യൂണിയന്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഭാര്യയുടെ പേരില്‍ സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയത്.”

”നാല് വശത്തും റെയില്‍വെ ട്രാക്കായതിനാല്‍ ഓട്ടോറിക്ഷ വീട്ടില്‍ കൊണ്ടുപോകാനും കഴിയില്ല. അതിനിടെയാണ് പൊലീസ് സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെയും കരുവാക്കുന്നത്” എന്നാണ് വിക്രമന്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമാണെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ് വ്യക്തമാക്കി.