കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗ്ലൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പുനീത് രാജ്കുമാറിനെ റവന്യൂ മന്ത്രി ആ അശോകയും പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത്, അഡിഷണല്‍ കമ്മീഷണര്‍മാര്‍ സോമുന്ദു മുഖര്‍ജി, മുരുഗന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
സൂപ്പര്‍ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. 1985ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ പുനീത്, ബേട്ടഡ് ഹൂവു എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. 2002ല്‍ അപ്പു എന്ന കന്നഡ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
അഭി, വീര കന്നാഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ചാനി പുത്ര എന്നിവയാണ് താരത്തിന്റെ ഹിറ്റ് സിനിമകള്‍. യുവര്‍ത്താന എന്ന സിനിമയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
Read more
സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.







