‘മാര്‍ക്കോ’ സിനിമ കാണാന്‍ തിയേറ്ററിലെത്തിയ തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാരവും ഭാര്യയും ചിത്രം പകുതിയെത്തും മുമ്പേ തിയേറ്ററില്‍ നിന്നും മടങ്ങി. വയലന്‍സിന് പേരുകേട്ട ചിത്രം ഗര്‍ഭിണിയായ ഭാര്യക്ക് കണ്ടിരിക്കാന്‍ പറ്റതായതോടെയാണ് ഇരുവരും സിനിമ മതിയാക്കി തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് സിനിമ കണ്ടിരിക്കാന്‍ സാധിച്ചില്ലെന്ന് നടന്‍ പ്രതികരിച്ചു.
”ഞാന്‍ മാര്‍ക്കോ കണ്ടു, പക്ഷേ പൂര്‍ത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുറത്തേക്ക് പോയി. അക്രമം അല്‍പ്പം കൂടുതലായി തോന്നി. ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവള്‍ ഗര്‍ഭിണിയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പുറത്തേക്ക് പോയി. അവള്‍ക്കും സിനിമ സുഖകരമായി തോന്നിയില്ല.”
”സിനിമകള്‍ സ്വാധീനം ചെലുത്താറുണ്ട്. നമ്മള്‍ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മില്‍ നിലനില്‍ക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതില്‍ നിന്ന് എന്തെങ്കിലും ഉള്‍ക്കൊള്ളുന്നവരുമുണ്ട്. ഇപ്പോള്‍ ഞാന്‍ അതില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല.”
”പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു” എന്ന് കിരണ്‍ ഗലാട്ട തെലുങ്കിനോട് പ്രതികരിച്ചു. മാര്‍ക്കോ സിനിമയിലെ വയലന്‍സ് പൊതുസമൂഹത്തെ ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് തെലുങ്ക് നടന്റെ അഭിപ്രായവും എത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ ഒ.ടി.ടിയിലും നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ ഇതുവരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കിയിട്ടില്ല.