ധനുഷിനും സമാന്തയ്ക്കും ആശംസകളുടെ പൂരം; അമ്പരന്ന് ആരാധകര്‍

താരദമ്പതികളായ സമാന്തയുടേയും നാഗ ചൈതന്യയുടേയും ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹമോചനവാര്‍ത്തകള്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇരു ദമ്പതികളും സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നതായി വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ ധനുഷും സമാന്തയും ചേര്‍ന്നുള്ളൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്ന വിവരം ഇരുവരും ഇക്കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ബന്ധം വേര്‍പിരിഞ്ഞ സമാന്തയുടേയും ധനുഷിന്റേയും പഴയൊരു ചിത്രത്തിന് താഴെ ആശംസകളുമായി ചിലരെത്തിയിരിക്കുന്നത്.

വേല്‍രാജ് ഒരുക്കിയ തങ്കമകന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ചിത്രമാണിത്. ഒരു ഇടത്തരം കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ കോളേജ് ജീവിതവും പ്രണയവും വിവാഹവും പ്രണയത്തകര്‍ച്ചയുടെ നൈരാശ്യവും ജീവിതവുമൊക്കെ പറഞ്ഞ ചിത്രമായിരുന്നു തങ്കമകന്‍. ധനുഷിന്റെ ഭാര്യ യമുനയായാണ് സമാന്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2015-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഇരുവരുടേയും അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.