മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള ചിത്രം; ആരാധകരെ ആവേശത്തിലാഴ്ത്തി നെല്‍സണ്‍

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് നെല്‍സണ്‍-രജനികാന്ത് കൂട്ടുകെട്ടിന്റെ ജയിലര്‍. മലയാളത്തില്‍നിന്ന് മോഹന്‍ലാലും കന്നഡത്തില്‍ നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോറും കാമിയോ റോളുകളില്‍ എത്തിയപ്പോള്‍ ചിത്രം വമ്പന്‍ ഹൈപ്പിലേക്ക് പോയി. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം മലയാള സിനിമാ ലോകത്തെ പുളകം കൊള്ളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ വെച്ച് ഒരു മുഴുനീള ചിത്രം ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍.

ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇതേക്കുറിച്ച് പറയുന്നത്. റാപ്പിഡ് ഫയര്‍ ചോദ്യങ്ങളുടെ ഭാഗമായി താന്‍ പേര് പറയുന്ന ആളുകളോട് ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് എന്താണെന്ന് പറയണമെന്നായിരുന്നു അഭിമുഖകാരിയുടെ ആവശ്യം. തുടര്‍ന്ന് മോഹന്‍ലാലിന്റെ പേരാണ് ആദ്യം പറഞ്ഞത്.

അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സന്റെ ആദ്യ പ്രതികരണം. അതില്‍ ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോള്‍ ‘ഫുള്‍ ഫ്‌ലഡ്ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം’ എന്ന് നെല്‍സണ്‍ പറഞ്ഞു.

മാത്യു എന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം അദ്ദേഹത്തിന്റെ വേഷവിധാനവും സ്‌റ്റൈലിംഗുമൊക്കെ ഇതിനോടകം ട്രെംഡിഗായിരിക്കുകയാണ്. ഇതുപോലൊരു മുഴുനീള മോഹന്‍ലാല്‍ കഥാപാത്രം ആരാധകരും ഏറെ ആഗ്രഹിക്കുന്നുണ്ട്.