വിജയ് ചിത്രത്തിലെ നിര്‍ണായക രംഗം ലീക്കായി

 

വിജയ് നായകനാവുന്ന പുതിയ സിനിമ ‘വാരിസിലെ ഒരു രംഗത്തിന്റെ ചിത്രീകരണ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഈ രംഗം സിനിമയിലെ നിര്‍ണായക സീന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. വിജയ്, പ്രഭു എന്നിവരുള്‍പ്പെടുന്ന ഒരു ആശുപത്രി രംഗമാണ് പുറത്തായിരിക്കുന്നത്.

നായകനും പ്രഭുവും ചേര്‍ന്ന് ഒരു സ്‌ട്രെച്ചര്‍ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതാണ് വീഡിയോ. സ്‌ട്രെച്ചറില്‍ കിടക്കുന്നത് ശരത്കുമാറാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. സിനിമയില്‍ വിജയ്യുടെ അച്ഛന്റെ വേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്.് മുന്‍പും വാരിസിലെ രംഗങ്ങള്‍ പുറത്തായിരുന്നു. ആര്‍ ഷാമിന്റയും പിന്നീട് വിജയ്യുടെയും രശ്മിക മന്ദാനയിടെയും വീഡിയോയും പുറത്തായി. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്