പൃഥിരാജിനൊപ്പം '41'ന്റെ വിജയം ആഘോഷിച്ച് ലാല്‍ ജോസും ബിജു മേനോനും

ബിജു മേനോന്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ എത്തിയ “41” മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനവം തുടരുകയാണ്. പൃഥ്വിരാജിനൊപ്പം 41ന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് ബിജു മോനോനും ലാല്‍ ജോസും. ബിജു മോനോനും പൃഥിരാജും കേന്ദ്ര കഥാപാത്രമാകുന്ന “അയ്യപ്പനും കോശിയും” എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിജയാഘോഷം നടന്നത്.

ഷൂട്ടിങ് തിരക്കിലായതിനാല്‍ ഇതുവരെ 41 കാണാന്‍ സാധിച്ചിട്ടില്ലെന്നും സമയം കിട്ടുമ്പോള്‍ ആദ്യം തന്നെ ഈ ചിത്രം കാണാന്‍ പോകുമെന്നും പൃഥ്വിരാജ് പറഞ്ഞു. മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പൃഥ്വിരാജ് പങ്കുവച്ചു. അടുത്തതായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താന്‍ നായകനായി എത്തുമെന്നും 41ന് തിരക്കഥ ഒരുക്കിയ പ്രഗീഷ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും പൃഥിരാജ് വ്യക്തമാക്കി.

സി എസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകനായാണ് ബിജു മേനോന്‍ 41ല്‍ വേഷമിട്ടത്. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പിജി പ്രഗീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിബാല്‍ ആണ്. എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.